ഷംഷാബാദ്: ഷംഷാബാദ് അതിരൂപതയുടെ പ്രഥമ ആർച്ച്ബിഷപ്പായി മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ സ്ഥാനമേറ്റു. അതിരൂപത ആസ്ഥാനമായ ബാലാപൂരിലെ (ഹൈദരാബാദ്) ബിഷപ്സ് ഹൗസ് അങ്കണത്തിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ ഇന്നലെ വൈകുന്നേരം നാലിനായിരുന്നു സ്ഥാനാരോഹണ ചടങ്ങുകൾ.
സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ സ്ഥാനാരോഹണ ചടങ്ങുകൾക്ക് മുഖ്യകാർമികനായിരുന്നു. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, ഉജ്ജൈൻ ആർച്ച്ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ എന്നിവർ സഹകാർമികരായി. തുടർന്ന് മാർ പ്രിൻസ് ആൻണി പാണേങ്ങാടന്റെ പ്രധാന കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയർപ്പിച്ചു.
നുണ്‍ഷ്യോയുടെ പ്രതിനിധിയായി മോണ്‍. ആന്ദ്രെയാ ഫ്രാൻജായും മുപ്പതിലധികം മെത്രാന്മാരും നൂറിൽപരം വൈദികരും സന്യാസിനി സന്യാസിമാരും അത്മായരും തിരുക്കർമങ്ങളിൽ പങ്കാളികളായി.
സ്ഥാനാരോഹണ ചടങ്ങുകൾക്കും കൃതജ്ഞതാബലിക്കും ശേഷം നടക്കുന്ന അനുമോദന യോഗം മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. തെലുങ്കാന ബിഷപ്സ് കോണ്‍ഫറൻസ് സെക്രട്ടറി ഡോ. ജോസഫ് രാജാറാവു തെലെകതൊട്ടി അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, വികാരി ജനറാൾ മോൺ. ആന്റണി മുഞ്ഞനാട്ട്, സുരേഷ് ജോർജ് എന്നിവർ പ്രസംഗിച്ചു.